മാനവികത



മാനവികത എന്ന പദം വ്യാപകമായ ദുരുപയോഗത്തിന് വിധേയമായിരിക്കുന്നു. ദുരുപയോഗത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്   സമഗ്രാധിപത്യസിദ്ധാന്തം  + മനുഷ്യസ്നേഹപരത = മാനവികത എന്ന അസംബന്ധം. അജ്ഞത കൊണ്ട് മാത്രമല്ല ഇത്തരം നവനിർമിതികൾ  സംഭവിക്കുന്നത്‌. ഉത്തരവാദിത്വബോധമില്ലാത്ത സാമൂഹ്യ പ്രവർത്തനത്തിൽ നിന്നു പോലും ഈ വിധത്തിലുള്ള ശ്രമങ്ങൾ ദൃശ്യമാകുന്നു!

യൂറോപ്യൻ നവോത്ഥാന കാലഘട്ടത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കാൻ ശ്രമിക്കാത്തതോ , കഴിയാതെ പോകുന്നതോ ഒരു പക്ഷെ ഇത്തരം ഒരു സ്ഥിതിവിശേഷം നിലനിർത്തുന്നുണ്ടാകാം. എങ്കിലും ഈ ആശയത്തെ അതിൻറെ ചരിത്രപരതയിൽ പരിശോധിക്കാൻ ഇവിടെ മുതിരുന്നില്ല. ഈ പദം എടുത്തു പെരുമാറുന്ന സ്ഥാപിത ശക്തികളുടെ പ്രത്യയശാസ്ത്രങ്ങളിലെ നല്ല ഘടകങ്ങളിൽ പലതും ഉൾക്കൊള്ളുന്നു എന്നതുകൊണ്ട്‌, വിശാലമായ ഒരു പരിസരം ഇതിന്റെ പ്രയോഗ പശ്ചാത്തലമായുണ്ട്‌  എന്ന് അംഗീകരിച്ചാലും തനതായ ഒരു നിരീക്ഷണ സ്ഥാനത്തെ ഈ ആശയം പ്രതിനിധാനം ചെയ്യുന്നു എന്ന വസ്തുത ഊന്നിപ്പറയേണ്ട ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.
മാനവികത എന്ന ആശയത്തെ എങ്ങനെ നിർവ്വചിക്കാം എന്ന പരിഗണനയാണ്  ഈ ലഘു ലേഖനത്തിനു പ്രേരണ.

ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ്  എന്ന് പ്രഖ്യാപിക്കുന്ന തത്വചിന്താ പ്രവണതയാണിത്. ദൈവം, ബ്രഹ്മം, കേവല ആശയം എന്നിവയ്ക്  പരമ പ്രാധാന്യം കൽപ്പിക്കുന്ന നിലപാടുകളെ നിരാകരിക്കുന്ന ഒരു സമീപനം. പ്രപഞ്ചം, ചരാചരങ്ങൾ, വ്യക്തികൾ തുടങ്ങിയവയ്ക്കാണ്  യഥാർത്ഥത്തിൽ അസ്തിത്വമുള്ളത്. ആശയങ്ങൾ ഈ പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യവ്യക്തികളുടെ മനസ്സിൽ രൂപീകരിക്കപ്പെടുന്നതാണ്. അതിനാൽ, മനുഷ്യനേക്കാൾ പ്രാധാന്യം ആശയങ്ങൾക്ക് കൈവരികയെന്നതു കേവലം അസംബന്ധമാണ്.
പ്രപഞ്ചത്തെ വസ്തുനിഷ്ഠ യാഥാർത്ഥ്യം ആയി അംഗീകരിക്കുന്നുവെങ്കിലും അതിൻറെ ഗതിയിൽ ഒഴുകിപ്പോകുക മാത്രം സാധ്യമായ വെറും പൊങ്ങുതടിയുടെ നിസ്സാരതയല്ല മനുഷ്യവ്യക്തി. അതുവരെ ഉണ്ടായിരുന്ന ഗതിക്രമത്തിൽ സ്വന്തം ഇച് ഛയ്ക്കനുസരിച്ച് ഇടപെടാനും ആ  ഇടപെടലിന്  സൃഷ്ടിക്കാവുന്ന പരിധിക്കുള്ളിൽ മാററം വരുത്താനും  അവനു ശേഷിയുണ്ട്. ഈ മാററം  എങ്ങനെയായിരിക്കണം എന്ന്  ഭാവനയുടെ  സഹായത്തോടെ ആസൂത്രണം ചെയ്യാനും മനുഷ്യവ്യക്തിക്ക്  ശേഷിയുണ്ട്. ഈ വ്യത്യസ്ഥത മനുഷ്യനെ മനുഷ്യനല്ലാത്തതിൽ നിന്നെല്ലാം ഗണനീയമായി വേർതിരിക്കുന്നു.

മനുഷ്യൻ എന്ന പൊതുവായ ഒരു സംജ്ഞ സാധ്യമാണെങ്കിലും മനുഷ്യർ ജീവിക്കുന്നത്  വ്യക്തികൾ എന്ന നിലയ്ക്കാണ്. വ്യക്തികൾ ചേർന്നാണ് സമൂഹം ഉണ്ടാകുന്നത്. ഓരോ മനുഷ്യനും സ്വന്തമായി വ്യക്തിത്വം ഉണ്ട്. ഈ വസ്തുത പരിഗണിക്കാതെ വർഗങ്ങളെക്കുറിച്ചും ദേശീയതകളെക്കുറിച്ചും സമുദായങ്ങളെക്കുറിച്ചും അങ്ങനെ ഏതെല്ലാം സമഷ്ടിരൂപങ്ങൾ സങ്കൽപ്പിക്കാമോ അവയെക്കുറിച്ചെല്ലാം  എത്ര നവീന സിദ്ധാന്തങ്ങൾ രൂപീകരിച്ചാലും ജീവിതം അനുഭവിക്കുന്നത്  വ്യക്തികളാണ്.

ദൈവങ്ങൾക്ക് പണ്ട് നല്കിയിരുന്ന മഹത്വങ്ങളിൽ ചിലത് പെരുപ്പിച്ചുള്ള സങ്കല്പങ്ങൾ ആയിരുന്നിരിക്കാം. എന്നാൽ, മനുഷ്യപ്രാപ്തമായ മഹത്വമെല്ലാം ദൈവങ്ങളിൽ നിന്നും തിരിച്ചെടുത്ത് മനുഷ്യന് തന്നെ ഏൽപ്പിക്കുകയാണ്  മാനവികതാപ്രസ്ഥാനം ചെയ്യുന്നത്. ഭൌതികാതീതമെന്ന്  അറിയപ്പെടുകയോ കരുതപ്പെടുകയോ ചെയ്യുന്ന എല്ലാറ്റിനേക്കാളും പ്രാധാന്യം മനുഷ്യന് തന്നെ എന്ന പ്രഖ്യാപനം ദൃഢമായി മാനവികതാവാദം ഉയർത്തുന്നു.

വ്യക്തിയെ നിസ്സാരവൽക്കരിക്കുകയും സമഷ്ടിരൂപങ്ങളെയും അവ്യാഖ്യേയ ആദിരൂപങ്ങളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾക്ക് പ്രാമുഖ്യം നല്കുകയും ചെയ്യുന്ന സകല സംരംഭങ്ങളെയും മാനവികത നിരാകരിക്കുന്നു.
മനുഷ്യവ്യക്തിക്ക്  അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുന്നിടത്ത്  പ്രതികരിക്കാനുള്ള ശേഷിയും ഉണ്ട്. എന്നാൽ, പല കാരണങ്ങളാൽ സ്വന്തം സ്വാതന്ത്ര്യത്തിന്റെ സാധ്യതയും  അനിവാര്യതയും തിരിച്ചറിയാൻ കഴിയാത്തതിനാൽ, തിരിച്ചരിവ്  അതിന്റെ പൂർണ്ണ വളർച്ചയെത്തിയ സ്വാതന്ത്ര്യബോധമായി പരിണമിക്കാത്തതിനാൽ മനുഷ്യരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ  ജീവിതത്തിന്റെ ശ്രേഷ്ഠത ബോധ്യപ്പെട്ടിട്ടില്ലാത്തവരാണ്.

യുക്തിബോധം പ്രയോഗിക്കാതെ ഒരു വ്യക്തിക്കും താൻ ആരാണെന്നും ജീവിതത്തിന്റെ സമഗ്രതയെന്താണെന്നും മനസ്സിലാക്കാനാവില്ല. ഈ യുക്തിബോധം പ്രയോജനപ്പെടുത്താനുള്ള ശേഷി  മനുഷ്യനുണ്ട്‌  എന്ന  വസ്തുത തന്നെയാണ്  മറ്റു മൃഗങ്ങളിൽ നിന്നും സചേതന പ്രപഞ്ചത്തിൽ നിന്നും ഒക്കെ ഉയർന്നു നില്ക്കുന്ന ഒരു ഉണ്മയായി മനുഷ്യവ്യക്തിയെ മാനവികതാവാദികൾ ഉയർത്തിക്കാട്ടുന്നതിന്റെ അടിസ്ഥാനം. സമാന ജീവിത സാഹചര്യങ്ങളിൽ ഒരേ അനുഭവം വിവിധ വ്യക്തികളിൽ വ്യത്യസ്ഥമായ ആശയങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടനല്കുന്നു എന്ന് നമുക്കറിയാം. ചിന്താപ്രക്രിയ ഒരു കൂട്ടം വ്യക്തികളിൽ ഒരേ സമയം എന്ന  വിധത്തിലല്ല, വ്യക്തികൾ ഓരോരുത്തരുടെയും മനസ്സിൽ വൈവിധ്യത്തോടെ എന്ന അവസ്ഥയിലാണ്  നടക്കുന്നത്.

ശേഷിയുണ്ട്  എന്നത്കൊണ്ട്  മാത്രം എല്ലാ വ്യക്തികളും ഈ ശേഷി വേണ്ടവിധം പ്രയോഗിക്കുന്നുണ്ടെന്നോ, പ്രയോജനപ്പെടുത്തുന്നുണ്ടെന്നോ  അർത്ഥമില്ല. താൻ അംഗമായിരിക്കുന്ന സമൂഹത്തെ മാറ്റിത്തീർക്കാൻ തന്റെ യുക്തിബോധം പ്രയോഗിക്കാം  എന്ന അറിവ്  നിശ്ചയമായും വ്യക്തിയെ കരുത്തനാക്കുന്നു. താൻ നിസ്സഹായനാണ് എന്ന തെറ്റായ ബോധം നീങ്ങിക്കിട്ടണമെങ്കിൽ തന്നിൽ ഉറങ്ങിക്കിടക്കുന്ന യുക്തിബോധത്തെ തട്ടി ഉണർത്തുക തന്നെ വേണം. താൻ ഭാഗമായിരിക്കുന്ന ഈ പ്രപഞ്ചത്തിലെ കാരണ ശൃങ്ഖലകളിൽ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു്  താൻ തെരഞ്ഞെടുക്കുന്ന രീതിയിൽ ഇടപെടാൻ കഴിയുന്നു എന്നത് അപാരമായ സാധ്യതകൾ ഉൾകൊള്ളുന്ന വ്യതിയാനമല്ലെ? ഭൌതിക പദാർത്ഥത്തിന്റെയും ഊർജ്ജത്തിന്റെയും പരിണാമം അവയുടെ കാരണ ഘടകങ്ങൾ നൽകുന്ന നിർണ്ണീതതയിലൂടെ മനസ്സിലാക്കാം. ജീവിവർഗ്ഗങ്ങളുടെ പരിണാമ ചരിത്രത്തിന്‌ ശാസ്ത്രീയ അടിത്തറ കണ്ടെത്താൻ കഴിയുന്നതും ഇങ്ങനെയാണ്. കാര്യകാരണബന്ധങ്ങൾ സൃഷ്ടിക്കുന്ന സംഭവശൃങ്ഖലയിൽ മനുഷ്യവംശം ഒരു പുതിയ കടന്നുകയറ്റം നടത്തിയിരിക്കുന്നു. തങ്ങളുടെ ഇച്ഛാനുസാരമുള്ള പ്രവർത്തനത്തിന്റെയും പ്രവർത്തന രാഹിത്യത്തിന്റെയും ഒരു പുതിയ ഘടകം. ഇതോടെ പ്രപഞ്ചത്തിന്റെ ഗതിക്രമത്തിൽ പരിമിതമായിട്ടാണെങ്കിലും മാറ്റം വരുത്താനുള്ള അനന്ത സാധ്യതകളാണ് ഉളവാകുന്നത്.

തൻറെ സാന്നിധ്യത്തെക്കുറിച്ചും തൻറെ ഗതിവിഗതികളെക്കുറിച്ചും ബോധവാനാണ്  മനുഷ്യൻ. ഭൌതിക പരിതസ്ഥിതികൾ പരിശോധിക്കാനും ഓരോ യാഥാർത് ഥ്യത്തേയും  വിശകലനം ചെയ്തു പഠിക്കാനും  ചിന്തയിലൂടെ ഭൂതകാലത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചുകൊണ്ട്  തൻറെ ഇന്ദ്രിയങ്ങളൊ താൻ തന്നെയോ ഇല്ലാതിരുന്ന, അഥവാ, ഉണ്ടായിരുന്നിരിക്കാൻ ഇടയില്ലാത്ത സാഹചര്യത്തെക്കുറിച്ചുപോലും ധാരണ നേടാൻ കഴിവുള്ളവനാണ്‌  മനുഷ്യൻ. മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ മനുഷ്യനെക്കുറിച്ച്  പൂർവ്വാധികം വ്യക്തത നാം നേടിക്കൊണ്ടിരിക്കുന്നു.

ചുറ്റുപാടുകളെ ക്കുറിച്ച്  വ്യക്തത നേടുന്നതിന്റെ ഫലമായി താൻ എന്തു തീരുമാനം കൈക്കൊള്ളണം എന്ന കാര്യത്തിൽ മനുഷ്യനു സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള  സാധ്യതയും ലഭിയ്ക്കുന്നു. ദൈവങ്ങൾക്കു  കൽപ്പിച്ചു നല്കിയ പല ശേഷിയും മനുഷ്യനു സഹജമായുള്ളതാണെന്നു കണ്ടെത്താൻ കഴിയും. ചിലതാകട്ടെ, തൻറെ പരിമിതികളും സ്വപ്നങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെ  മറികടക്കാൻ ഭാവനയിൽ വിരിയിച്ചെടുത്തതുമാണ്. മനുഷ്യന്  സഹജമായുള്ള  ശേഷികളെ അവനും, സമൂഹത്തിനും, പ്രകൃതിക്കും ഉപകാരമാകും  വിധം വളർത്തിയെടുക്കേണ്ടതും വികസിപ്പിക്കാവുന്നതുമാണ്.

തന്നെക്കുറിച്ച് തന്നെയും വ്യക്തി ബോധവാനാണ്. തന്നെക്കുറിച്ചു മനസ്സിലാക്കുന്നത്തിലൂടെ തന്നെത്തന്നെ മാറ്റിത്തീർക്കാനും വ്യക്തിക്ക്  കഴിയും. ഇങ്ങനെ വ്യക്തികൾക്ക്  തങ്ങളെത്തന്നെ മാറ്റിത്തീർക്കാൻ കഴിയും എന്നതിനാലാണ് സാമൂഹ്യമായ മാറ്റങ്ങൾ സാധിക്കുന്നത്. അതിനാൽ, സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടതും പരിശോധിക്കേണ്ടതും ഓരോ വ്യക്തിക്കും എന്തുമാത്രം നേട്ടങ്ങൾ ഉണ്ടാക്കി, പുരോഗതി ഓരോ വ്യക്തിയേയും എങ്ങനെ ബാധിക്കുന്നു എന്ന നിദാനത്തിൽ  ആയിരിക്കണം. ഓരോ വ്യക്തിയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ട സ്വന്തം ജീവിതത്തിൽ, മുമ്പുണ്ടായിരുന്നത്തിൽ നിന്നും കൂടുതൽ തൃപ്തികരമായ എന്തു മാറ്റമാണ്  ഉണ്ടായിരിക്കുന്നത്  എന്നതായിരിക്കണം പുരോഗതിയെക്കുറിച്ച്  സംസാരിക്കുമ്പോൾ മാനവികതാവാദിയുടെ  മാനദണ്ഡം. സ്ഥിതിവിവരങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വളർച്ചയുടെ ജലനിരപ്പ്‌ ഉയർന്നു വരുന്നതായി പ്രചരിപ്പിക്കാൻ കഴിഞ്ഞെന്നു വരാം. ഏതു സമൂഹത്തിന്റെ സ്ഥിതിവിവരമാണോ ശേഖരിച്ചത്  അതിലെ വ്യക്തികൾ മുങ്ങിത്താണ് ശാസംമുട്ടിക്കൊണ്ടിരിക്കെ അത്തരം ഒരൊഴുക്കിനെ പുരോഗതിയായി പരിഗണിക്കാൻ നമുക്കു കഴിയില്ല. താൻ ഉൾക്കൊള്ളുന്ന പ്രപഞ്ചം അനാദിയും അനന്തവും ആണെന്ന്  മാനവികതാവാദി  തിരിച്ചറിയുന്നു. പ്രപഞ്ചത്തിൽ ലീനമായ ഒരു താളക്രമമുണ്ട്. തൊട്ടുമുമ്പ്  സംഭവിച്ചുപോയതിന്റെയെല്ലാം  തുടർച്ചയായിട്ടാണ്  വർത്തമാന സംഭവങ്ങളെ മനസ്സിലാക്കാൻ കഴിയുക. വർത്തമാന സംഭവങ്ങളുടെ തുടർച്ചയായി മാത്രമെ സമീപ ഭാവിയിലെ സംഭവ വികാസങ്ങളെ അർത്ഥബോധത്തോടെ മനസ്സിലാക്കാനാകൂ. കാര്യകാരണബന്ധങ്ങളുടെ ഈ ചങ്ങലക്കണ്ണികൾ പിറകിലേക്ക്  പിറകിലേക്ക്  അന്വേഷിച്ചു ചെല്ലാനും കണ്ടെത്താനും കഴിയും. എന്നാൽ ഭാവിസംഭവങ്ങളെ കുറിച്ച് കൈവശമുള്ള വസ്തുതകൾ മാത്രം വെച്ചു പ്രവചനങ്ങൾ നടത്താൻ ശ്രമിക്കാം എന്നല്ലാതെ എപ്പോഴും ഇന്നതേ നടക്കൂ എന്ന്  വാശി പിടിച്ചതു കൊണ്ടു പ്രയോജനമുണ്ടാകില്ല. കാര്യ കാരണ ബന്ധങ്ങളുടെ അനന്ത ശ്റ് ങ്ഖലകൾ അനന്തമായ രീതികളിൽ കൂടിച്ചേരുകയും വേർപിരിയുകയും ചെയ്യാം. ഇങ്ങനെ അവിചാരിതമായി വന്നു ഭവിക്കുന്നതൊക്കെ വിധി എന്നൊ ഏതെങ്കിലും ഒരു പ്രപഞ്ചാതീത ശക്തിയുടെ ഇച്ഛയെന്നോ വ്യവഹരിക്കുന്നത് ദാർശനികത അശാസ്ത്രീയമാകുമ്പോഴാണ്.

ഈ പ്രപഞ്ചത്തിൽ ആകമാനം ഒരു താളക്രമം കണ്ടെത്താൻ കഴിഞ്ഞിൽലെങ്കിൽ ശാസ്ത്രാന്വേഷണം വഴിമുട്ടും. മൂലഘടകങ്ങളെ  കുറിച്ചും അവയുടെ സ്വഭാവത്തെ കുറിച്ചും അടക്കമുള്ള  വിജ്ഞാനം സാധ്യമാകുന്നത് അവയെല്ലാം ചില ക്രമങ്ങൾ പ്രകടിപ്പിക്കുന്നു എന്നതു കൊണ്ടാണ്. ഈ സ്വഭാവം പ്രപഞ്ചത്തിൻറെ ക്രമനിബദ്ധതയെ കുറിച്ച്  നമുക്ക് ഒരു ബോധം തരുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഈ താളക്രമം തന്നെയാണ്  വേറെ ഒരുവിധത്തിൽ പറഞ്ഞാൽ മനുഷ്യ മനസ്സിൻറെ ആശയരൂപീകരണ സാധ്യതകളിലും പ്രതിഫലിക്കുന്നത്‌. സത്യം, ദയ, സ്വാതന്ത്ര്യം മുതലായ മൂല്യങ്ങൾ ജീവശാസ്ത്രപരമായി അടിസ്ഥാനമുള്ള ആശയങ്ങളാണ്. ശാസ്ത്രബോധം സാദ്ധ്യമാകുന്നതും ക്രമനിബദ്ധമായ പ്രപഞ്ചത്തിന്റെ ഭാഗമാണ് മനുഷ്യൻ എന്ന ഭൌതിക യാഥാർത്ഥ്യത്തിൽ നിന്നാണ്‌.

പ്രപഞ്ചവും വ്യക്തിയും തമ്മിൽ ഈ വീക്ഷണത്തിൽ വൈരുദ്ധ്യത്തിന്റെ മാത്രമായ ഒരു ബന്ധമല്ല. വ്യക്തിയും വ്യക്തിയും തമ്മിൽ സമാന സ്വഭാവങ്ങളാണ്  ഏറെയുള്ളത്. അതിനാൽ, ആശയ വിനിമയവും സഹകരണാത്മക ജീവിതവും സാധ്യമാണ്. ഈ പ്രപഞ്ചത്തിന്റെ നിസ്സാരമായ ഒരു ഭാഗമാണ്  മനുഷ്യൻ എന്നത് വസ്തുത തന്നെ. അപ്പോഴും പ്രപഞ്ചത്തെ തന്നിൽ  നിന്നും അന്യമായി  പരിഗണിച്ചു അതിൻറെ സ്വഭാവം പഠിക്കാനും ശാസ്ത്ര ധാരണകൾ രൂപീകരിക്കാനും മനുഷ്യനു കഴിയുന്നു. അതുപോലെത്തന്നെ തൻറെ ശരീരത്തിൻറെ ഒരു ഭാഗമായ മനസ്സിനെ പ്രവർത്തിപ്പിക്കുന്നതിലൂടെ തന്നെത്തന്നെ മാറ്റി നിർത്തി തന്നെ കുറിച്ച്  ചിന്തിക്കാനും താൻ ആരാണ്, താനും പ്രപഞ്ചവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, തൻറെ മനസ്സും തന്റെ അസ്തിത്വവും തൻറെ ജീവി വർഗത്തിന്റെ പരിണാമവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും പഠിക്കാനും ചിന്തിക്കാനും മനുഷ്യന് കഴിയുന്നു.

ഏതോ പൈശാചിക ശക്തിയുടെ ലീലയിൽ നിന്നും ജന്മം കൊള്ളുകയും ശപ്തമായ ഒരു ജീവിതം ഒടുക്കുകയും നിത്യനരകത്തിന്റെ ശാശ്വത ഭീകരതയിലേക്ക്  വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ദയനീയതയുടെ ചിത്രമല്ല, മറിച്ചു തന്നിൽ ഉറങ്ങി കിടക്കുന്ന ശേഷി തിരിച്ചറിയുകയും, തന്നിലും അന്യരിലും ഈ പ്രപഞ്ചത്തിൽത്തന്നെയും മാറ്റം വരുത്താൻ പ്രാപ്തമാക്കുകയും ചെയ്യത്തക്ക വിധം ശക്തിയുടെയും ചൈതന്യത്തിന്റെയും യാഥാർത്ഥ്യബോധമാണ്  മാനവികതാവാദത്തിനു പകർന്നു നല്കുവാനുള്ളത്.

#മാനവികത #ഭൌതികയാഥാർത്ഥ്യ വാദം #നവമാനവിക ദർശനം #റാഡിക്കൽ ഹ്യൂമനിസം

No comments: